മറിമായത്തിലെ സുമേഷേട്ടൻ ഇനിയില്ല;ചലച്ചിത്ര താരം ഖാലിദ് വിടവാങ്ങി | Actor VP Khalid passed away
Actor VP Khalid passed away: നടൻ വി പി ഖാലിദ് അന്തരിച്ചു. കോട്ടയം വൈക്കത്തെ ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചി മുറിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാവുകയും പിന്നീട് മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ
ഏറെ ശ്രദ്ധ നേടുകയും ചെയ്ത അഭിനേതാവ് കൂടിയായിരുന്നു വി പി ഖാലിദ്. 1973 ൽ പുറത്തിറങ്ങിയ പെരിയാർ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ഇദ്ദേഹം ഒരു അഭിനേതാവ് എന്നതിലുപരി നാടക സംവിധായകൻ, നാടക രചയിതാവ് എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല അനുരാഗ കരിക്കിൻ വെള്ളം, താപ്പാന തുടങ്ങിയ ചുരുക്കം ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിറഞ്ഞു
നിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ആക്ഷേപ ഹാസ്യ പരിപാടിയായ മറിമായത്തിൽ ” സുമേഷേട്ടൻ” എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. ഒരു ചെറിയ വേഷത്തിനായി മറിമായത്തിൽ എത്തിയ ഇദ്ദേഹത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഈ പരിപാടിയുടെ അണിയറ പ്രവർത്തകർ ഇദ്ദേഹത്തിന്
സ്ഥിരം വേഷം നൽകുകയായിരുന്നു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് വലിയകത്ത് പരീദ് ഖാലിദ് എന്നാണെങ്കിലും ടെലിവിഷൻ ലോകത്ത് വി പി ഖാലിദ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സംവിധായകരായ ഖാലിദ് റഹ്മാൻ, ഷൈജു ഖാലിദ്, ഫോട്ടോഗ്രാഫറായ ജിംഷി ഖാലിദ് എന്നിവരാണ് മക്കൾ. താരത്തിന്റെ ഈയൊരു അകാല വിയോഗത്തിൽ സിനിമാ ലോകത്തും പുറത്തുമുള്ള നിരവധി പേരാണ് അനുശോചനങ്ങളുമായി എത്തുന്നത്.