ഡോക്ടർ മച്ചാനും ജാസ്മിനും നേർക്കുനേർ.!! ഇരുവരും അടിയോടടി. ജാസ്മിനെ പിന്തുണച്ച് ലക്ഷ്മിപ്രിയ… എല്ലാവരും നോക്കീം കണ്ടും നിന്നോളാൻ ജാസ്മിന്റെ താക്കീത്.! കളിക്കാൻ വന്നവനാണ് ഞാനെന്ന് റോബിൻ മച്ചാൻ
“നോക്കീം കണ്ടും നിന്നോ… എല്ലാവരും”… ബിഗ്ഗ്‌ബോസ് ഹൗസിൽ ഇന്ന് ഉയർന്നുകേട്ട വാചകമാണ് ഇത്. ബിഗ്‌ബോസ് ഹൗസിലെ പുലിക്കുട്ടി ജാസ്മിനാണ് വീര്യം കൈവിടാതെ, ദേഷ്യം പൂണ്ട് ഹൗസിൽ ഇന്ന് തീ ആളിക്കത്തിക്കുന്നത്. ബിഗ്ഗ്‌ബോസ്സിൽ ഇനി പൊടിപൂരകാഴ്ച്ചകളാണ്. പരസ്പരം പടവെട്ടിയും വാക്കിന് മറുവാക്കും പറഞ്ഞ് നിറഞ്ഞാടുന്ന മത്സരാർത്ഥികൾ ബി ബി ഹൗസിൽ ഒരു അഗ്നിയായി പടരുകയാണ്. ടെലിവിഷൻ പ്രേക്ഷകരെ അനുദിനം ത്രില്ലടിപ്പിക്കുന്ന
ഷോയാണ് ബിഗ്ഗ്‌ബോസ്. മലയാളത്തിൽ ഇത് ബിഗ്ഗ്‌ബോസിന്റെ നാലാം പതിപ്പാണ്. വേറിട്ട പതിനേഴ് മുഖങ്ങളാണ് ഇത്തവണ ഷോയിലെത്തിയിരിക്കുന്നത്. ആദ്യദിനങ്ങളിൽ തന്നെ ബിഗ്ഗ്‌ബോസ് ഹൗസിൽ മത്സരാർത്ഥികൾ തമ്മിൽ പോരും വാക്പയറ്റും ആരംഭിച്ചിരുന്നു. ഇന്നലെ ഡോക്ടർ റോബിനും ജാസ്മിൻ മൂസയും തമ്മിലുണ്ടായ വഴക്ക് മറ്റാരുടെയും ഇടപെടൽ കൊണ്ടുപോലും അവസാനിപ്പിക്കാൻ പറ്റാത്ത വിധം കലൂഷിതമാവുകയായിരുന്നു. ഇന്നത്തെ എപ്പിസോഡിന്

മുന്നോടിയായി ചാനൽ പുറത്തുവിട്ട പ്രൊമോയിൽ ആ വഴക്ക് വീണ്ടും തുടരുന്നതായാണ് കാണാൻ കഴിയുന്നത്. “ഞാൻ ഒരു ഡോക്ടർ ആണ്. പക്ഷേ അതൊക്കെ പുറത്ത്. ബിഗ്ഗ്‌ബോസ് വീട് ഒരു ഹോസ്പിറ്റലോ ഇവിടെയുള്ളവരെല്ലാം രോഗികളോ അല്ല. അങ്ങനെയൊരു സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ഞാനും ഒരു പച്ചയായ മനുഷ്യനാണ്.” റോബിന്റെ വാക്കുകൾ മറ്റ് മത്സരാർത്ഥികളെയും കിടുക്കിക്കളഞ്ഞിട്ടുണ്ട്. ഞാൻ ഇവിടെ വന്നത് ഗെയിം
കളിക്കാൻ തന്നെയാണെന്നും അത് നന്നായി ചെയ്യാൻ എനിക്കറിയാമെന്നും ഡോക്ടർ ആവർത്തിച്ചുപറയുകയാണ്. അതേ സമയം ബിഗ്ഗ്‌ബോസ് വീട്ടിലെ എല്ലാ പ്രശ്നങ്ങളിലും തന്റെ നിലപാട് അറിയിക്കാറുള്ള ലക്ഷ്മിപ്രിയ ഈ വിഷയത്തിൽ ജാസ്മിന്റെ പക്ഷത്താണ്. ആരൊക്കെ എന്ത് പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണെന്ന് എടുത്തുപറയുന്നുണ്ട് ജാസ്മിൻ. എന്താണെങ്കിലും ഡോക്ടർ മച്ചാനും ജാസ്മിനും തമ്മിലുള്ള യുദ്ധം മുറുകുന്നതോടെ വരും എപ്പിസോഡിൽ എന്തൊക്കെയാകും സംഭവിക്കുക എന്ന ആകാംഷയിലാണ് ബിഗ്ഗ്‌ബോസ് ആരാധകർ.
