നര ബ ലി നടത്തുന്ന മന്ത്രവാദിയും പാമ്പിനെ തിന്നുന്ന ഇന്ത്യക്കാരും.!! സാഹസികത നിറഞ്ഞ ഒരു സിനിമ.|Indiana Jones and the Temple of Doom Review Malayalam

Indiana Jones and the Temple of Doom Review Malayalam : തൻ്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന, ചുരുളഴിയാത്ത ഒരു രഹസ്യത്തിൻ്റെ ഉത്തരം തേടി, അപരിചിതമായ ഒരിടത്തേക്ക് യാത്രയാകുന്ന നായകൻ. ആ യാത്രയിൽ അയാളെ കാത്തിരിക്കുന്ന അപക ടങ്ങൾ. അവസാനം അതെല്ലാം തരണം ചെയ്ത് അയാൾ തൻ്റെ ലക്ഷ്യം നേടിയെടുക്കുന്നു. ലോകമെമ്പാടും ആരാധകരുള്ള ഈയൊരു genre ൽ ഏറ്റവും പ്രസിദ്ധമായത്, സ്റ്റീവൻ സ്പീൽബർഗിൻ്റെ “ഇന്ത്യാന ജോൺസ്” ഫ്രാഞ്ചൈസിലെ ചിത്രങ്ങളാവും. 4 ചിത്രങ്ങളുള്ള ഈ പരമ്പരയിൽ, ഏറ്റവും കൂടുതൽ ജനപ്രീതി നേടിയതും, ഒരുപക്ഷേ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കിയതുമായ ചിത്രമാണ് 1984

ൽ പുറത്തിറങ്ങിയ Indiana Jones and the Temple of Doom. ഷാങ്ഹായിലെ ഒരു ഗ്യാങ്സ്റ്ററിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് വിമാനത്തിൽ സഞ്ചരിക്കുകയാണ് ഇന്ത്യാന ജോൺസ്. ഷാങ്ഹായിൽ നിന്നും കൂടെ കൂടിയ, “ഷോർട്ട് റൗണ്ട്” എന്ന ബാലനും, വില്ലി സ്കോട്ട് എന്ന ബാർ ഡാൻസറും അദ്ദേഹത്തിൻ്റെ കൂടെയുണ്ട്. പക്ഷേ വിമാനം ഹിമാലയത്തിലേക്ക് തകർന്നു വീഴുകയും, ഒരു ചങ്ങാടത്തിൽ കയറി മൂവരും അവിടെ നിന്നും രക്ഷപെടുകയും ചെയ്യുന്നു. മായാപ്പൂർ എന്ന ഗ്രാമത്തിലേക്കാണ് അവർ എത്തപ്പെടുന്നത്. ഗ്രാമത്തിൽ നിന്നും കുട്ടികളെ കാണാതാകുന്നുവെന്നും, അവർ പവിത്രമായി കരുതുന്ന ശിവലിംഗം

മോഷ്ടിക്കപ്പെട്ടുവെന്നും, ഇതിനെല്ലാം പിന്നിൽ, അടുത്തുള്ള പാൻകോട്ട് കൊട്ടാരത്തിലുള്ളവർ ആണെന്നും ഇന്ത്യാനയോട്, ഗ്രാമവാസികൾ പറയുന്നു. ദുഷ്ട ശക്തികളെ നേരിടാൻ മനുഷ്യർക്ക് ഭഗവാൻ നൽകിയ 5 ശങ്കര കല്ലുകളിൽ ഒന്നാണ് മോഷ്ടിക്കപ്പെട്ടതെന്ന് മനസിലാക്കുന്ന ഇന്ത്യാന, അവരെ സഹായിക്കാമെന്ന് ഏൽക്കുന്നു.പാൻകോട്ട് കൊട്ടാരത്തിലേക്ക് പോകുന്ന ഇന്ത്യാനയെ കാത്തിരിക്കുന്നത് ഒരുപാട് അപകടങ്ങളാണ്. കാളിദേവിയെ പ്രീതിപ്പെടുത്താൻ മനുഷ്യനെ ബലി കഴിപ്പിക്കുന്ന ഒരു മന്ത്രവാദിയെയും അയാളുടെ അനുയായികളെയും, മൂവരും അവിടെ കണ്ടുമുട്ടുന്നു. മോലാ റാം എന്ന ആ മന്ത്രവാദിയുടെ

കയ്യിലാണ് 3 കല്ലുകൾ ഉള്ളതെന്നും, അവശേഷിക്കുന്ന രണ്ടെണ്ണം കണ്ടെത്താനാണ്, അയാൾ നരബലി നടത്തുന്നതെന്നും ഇന്ത്യാനയ്ക്ക് ബോധ്യമാകുന്നു. തട്ടിക്കൊണ്ട് പോയ കുട്ടികളെ രക്ഷപ്പെടുത്താനും, കല്ലുകൾ സ്വന്തമാക്കുന്നതിൽ നിന്നും മോലാ റാമിനെ തടയാനും ഇന്ത്യാന ശ്രമിക്കുന്നതാണ് തുടർന്നുള്ള രംഗങ്ങളിൽ.ഇന്ത്യൻ സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നു എന്നതിൻ്റെ പേരിൽ, ചിത്രത്തിന് ഇന്ത്യയിൽ ഷൂട്ടിങ്ങിനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടർന്ന്, ശ്രീലങ്കയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. പാൻകോട്ട് കൊട്ടാരത്തിലുള്ളവർ പെരുമ്പാമ്പിനെയും, പല്ലിയെയും, കുരങ്ങൻ്റെ തലച്ചോറുമൊക്കെ

കഴിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയത് കാരണം, നിരൂപകരുടെ ഭാഗത്ത് നിന്നും ഏറെ വിമർശങ്ങൾ ചിത്രം നേരിട്ടിരുന്നു. ഇന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം സീനുകൾ കാരണം, വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് പിൽക്കാലത്ത് ഒട്ടേറെ പരിഹാസങ്ങൾ നേരിടേണ്ടി വന്നതായി ശശി തരൂർ അടക്കമുള്ള പലരും അഭിപ്രായപ്പെട്ടിരുന്നു. നായകനെ വിറപ്പിക്കുന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച
അം‌രീഷ് പുരിയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വയലൻസ് രംഗങ്ങൾ ഏറെയുള്ള ചിത്രം നിരവധി സെൻസർ കട്ടുകൾക്ക് ശേഷമാണ്, പല രാജ്യങ്ങളിലും പ്രദർശനത്തിനെത്തിയത്. 28 മില്ല്യൻ ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം, 333 മില്ല്യൻ ഡോളർ നേടി വൻ വിജയമായി മാറി.

Rate this post