ജഗതി ശ്രീകുമാർ ഇനി സിനിമയിൽ സജീവമാകും; വർഷങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ജഗതി | Jagathy Sreekumar Response to Medias
മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗമായ ‘സിബിഐ 5 : ദി ബ്രെയിൻ’, തിയ്യറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയക്കുതിപ്പ് നടത്തുകയാണ്. ഇതിന് പിന്നാലെ, സംവിധായകൻ മധു, നടൻ ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തി അദ്ദേഹത്തിന് മധുരം നൽകി ചിത്രത്തിന്റെ വിജയാഘോഷം നടത്തി. ശേഷം, ഇരുവരും മാധ്യമങ്ങളെ കാണുകയും ചെയ്തു. വീൽ ചെയറിൽ മാധ്യമങ്ങൾക്ക് മുന്നിലേക്ക് വന്ന
ജഗതി ശ്രീകുമാർ, സംവിധായകനെ കണ്ട ഉടനെ തന്റെ കൈ ഉയർത്തിക്കാണിച്ചു. ശേഷം സംവിധായകൻ മധു, കേക്ക് മുറിച്ച് അദ്ദേഹത്തിന് നൽകി. തുടർന്ന്, മധു ഓരോ കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുമ്പോഴും, അദ്ദേഹം ചിരിച്ചുക്കൊണ്ടും കൈ ഉയർത്തി കാണിച്ചും അതിനോട് പ്രതികരിച്ചു. ചിത്രത്തിൽ ജഗതി ശ്രീകുമാറിനെ അഭിനയിപ്പിക്കാനുണ്ടായ തീരുമാനം എങ്ങനെ ഉണ്ടായി എന്ന കാര്യം സംവിധായകൻ വെളിപ്പെടുത്തി. “യഥാർത്ഥത്തിൽ

സിബിഐ 5 പ്ലാൻ ചെയ്യുമ്പോഴേ, അമ്പിളി ചേട്ടനെ വിക്രമായി വേണം എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. പിന്നീട് അമ്പിളി ചേട്ടന് പ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെ നൽകണം എന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ കൂട്ടായി ചർച്ചകൾ നടത്തിയാണ്, അമ്പിളി ചേട്ടനെ എറണാകുളത്തേക്ക് വിളിപ്പിച്ച് ചിത്രത്തിലെ ആ രംഗം ഷൂട്ട് ചെയ്തത്,” സംവിധായകൻ പറഞ്ഞു.
സംവിധായകന്റെ വാക്കുകൾക്ക് ശേഷം മാധ്യമങ്ങൾ ജഗതി ശ്രീകുമാറിന് നേരെ മൈക്ക് ചൂണ്ടി. സിനിമ കാണാൻ തിയ്യറ്ററിൽ പോകുന്നുണ്ടോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം, ‘പോകുന്നുണ്ട്’ എന്നായിരുന്നു അമ്പിളി ചേട്ടന്റെ മറുപടി. തീർച്ചയായും അമ്പിളി ചേട്ടൻ ഉടനെ തിയ്യറ്ററിൽ പോയി പ്രേക്ഷകർക്കൊപ്പം സിനിമ കാണുമെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. മാത്രമല്ല, ജഗതി ശ്രീകുമാർ ഇനി സജീവമായി സിനിമയിൽ തുടരുമെന്നും സംവിധായകൻ കെ മധു പറഞ്ഞു.Jagathy Sreekumar Response to Medias