പുട്ടുണ്ട്, ദോശയുണ്ട്, പക്ഷേ പ്രദീപ് ഇനിയില്ല..നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. വിങ്ങലായി കോട്ടയം പ്രദീപിന്റെ വിയോഗം.
മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടൻ കോട്ടയം പ്രദീപ്(61) വിടവാങ്ങി. മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ്, ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ 4.15-ഓടെയാണ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. 1989 മുതൽക്കേ എല്‍ഐസി ജീവനക്കാരനാണ് പ്രദീപ്.
ഐ.വി.ശശി ചിത്രമായ “ഈ നാട് ഇന്നലെ വരെ ” യിലൂടെ ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വേളയിലാണ് താരത്തിന്റെ വിയോഗം. തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഗൗതം വാസുദേവ് മേനോന്റെ വിന്നൈത്താണ്ടി വരുവായയിൽ അഭിനയിക്കാൻ സാധിച്ചത് പ്രദീപിന്റെ കരിയറിലെ വഴിത്തിരിവായി.

തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. അച്ഛൻ, അമ്മാവൻ, ചായക്കടയിലെ ചേട്ടൻ ഇത്തരത്തിലുള്ള സിനിമയിലെ സാധാരണ കഥാപാത്രങ്ങളെ തന്റേതായ ശൈലിയിലൂടെ വേറിട്ടവയാക്കാൻ പ്രദീപിന് സാധിച്ചു. താരത്തിന്റെ സംഭാഷണ രീതി തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എഴുപതിലേറെ ചിത്രങ്ങളില്‍ പ്രദീപ് അഭിനയിച്ചിട്ടുണ്ട്. 2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് കോട്ടയം പ്രദീപിന്റെ അവസാനം റിലീസായ ചിത്രം.
അപ്രതീക്ഷിതമായിട്ടാണ് കോട്ടയം പ്രദീപ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. സ്കൂൾ പഠനകാലത്ത് നാടകത്തിൽ അദ്ദേഹം സജീവമായിരുന്നു. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയതാണ് പ്രദീപിന്റെ ജീവിതം മാറ്റി മറിച്ചത്. മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിച്ചു. നിര്‍മാതാവ് പ്രേം പ്രകാശാണ് പ്രദീപിന് അവസരം നൽകിയത്. കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും.

കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലാണ് കോട്ടയം പ്രദീപ് പഠനം പൂര്‍ത്തിയാക്കി. മായയാണ് ഭാര്യ. വിഷ്ണു, വൃന്ദ എന്നിവർ മക്കളാണ്. മലയാള സിനിമയിൽ പകരം വയ്ക്കാനാകാത്ത പ്രതിഭയുടെ വിയോഗം എന്നെന്നും തീരാനഷ്ടമായി തുടരും. ഇനിയും ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കും മുൻപേയാണ് പ്രദീപ് യാത്രയായത്. മലയാള സിനിമയ്ക്ക് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളിലൂടെ കോട്ടയം പ്രദീപ് ഇനിയും ജീവിക്കും….
