പിഷാരടിക്ക് സ്‌പെഷ്യൽ പിറന്നാൾ കേക്കുമായി പ്രിയയും ചാക്കോച്ചനും.!!!

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം പിഷാരടി സിനിമകളിലൂടെ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലെ കിടിലൻ ക്യാപ്‌ഷനുകളിലൂടെ കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫോട്ടോകൾക്കൊപ്പം പിഷാരടി പോസ്റ്റ് ചെയ്യുന്ന ക്യാപ്‌ഷനുകൾക്ക് ആരാധകരുടെ മറുപടി പ്രവാഹമാണ് സാധാരണ ഉണ്ടാവാറ്. മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനായി, പല കമന്റുകൾക്കും പിഷാരടി മറുപടിയും കൊടുക്കാറുണ്ട്.

പിഷാരടിയുടെ പിറന്നാളിന് കുഞ്ചാക്കോ ബോബനും ഭാര്യയും ചേർന്ന് സമ്മാനിച്ച കേക്ക് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ‘ഞങ്ങളുടെ പിഷു…പ്രകൃതി ഇടപെടും’ എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണത്തത്ത’ സിനിമയുടെ തീമിലാണ് കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലകളും, ഓന്തും, കാടും ഒക്കെയുള്ള, വെള്ളയും പച്ചയും നിറഞ്ഞുനിൽക്കുന്ന കേക്ക് ആണ് കുഞ്ചാക്കോ ബോബനും , പ്രിയയും സമ്മാനിച്ചത്.

തിന്നാനും മുറിക്കാനും തോന്നുന്നില്ല എന്ന അടിക്കുറിപ്പോടുകൂടിയാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. “മുറിക്കണ്ട അതേപടി ഫ്രിഡ്ജിൽ വെച്ചേക്ക്. കൊല്ലങ്ങൾ കഴിഞ്ഞാൽ പിഷു രാജാവിന് കുഞ്ചാക്കോ രാജാവ് പിറന്നാളിന് കൊടുത്ത പ്രകൃതിരമണീയമായ പുരാവസ്തു കേക്ക് ആണെന്ന് പറഞ്ഞു നമുക്ക് പ്രമുഖർക്ക് വിൽക്കാം,” എന്നാണ് രസികനായ ഒരു ആരാധകൻ പോസ്റ്റിനോട് പ്രതികരിച്ചത്. പിഷാരടിയുടെ പിറന്നാൾ ദിവസമായ ഇന്നലെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം ‘പുഴു’ വിന്റെ തിരക്കിലായിരുന്നു പിറന്നാൾ ദിവസം രമേശ് പിഷാരടി. “നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നൽകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാൻ ഈ ജന്മം മതിയാകാതെവരും.പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവർ,സഹപ്രവർത്തകർ, സുഹൃത്തുക്കൾ, മാധ്യമങ്ങൾ,സർവോപരി പ്രേക്ഷകർ അങ്ങനെ അങ്ങനെ ഓരോരുത്തർക്കും നന്ദി” എന്നാണ് ആശംസകൾക്കും ആഘോഷങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് പിഷാരടി പോസ്റ്റ് ചെയ്തത്.