ഇത്‌ എന്റെ അമ്മയുടെ ആഭരണമാണ്, ഒരിക്കൽ എന്റെ മകളും ഇത്‌ ധരിക്കും; തന്റെ ആഭരണത്തിന്റെ വിശേഷം പങ്കുവെച്ച് സുപ്രിയ മേനോൻ.!!

വിവാഹത്തിന് നവവധു സ്വർണ്ണാഭരണങ്ങൾ ധരിക്കുക എന്നത് മലയാളകൾക്കിടയിൽ പണ്ട് മുതൽ കണ്ടുവരുന്ന ഒരു സമ്പ്രദായമാണ്, ഇന്നത് മലയാളികളുടെ വിവാഹ സങ്കല്പത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു സംസ്കാരമായി മാറിയിരിക്കുന്നു. എന്നാൽ, ഇന്ന് വലിയൊരു വിഭാഗം പുരോഗമന ചിന്താഗതിക്കാരും വിവാഹ സുദിനത്തിൽ സ്വർണ്ണാഭരണം ധരിക്കുന്നത് ആഡംബരമാണെന്ന് മനസ്സിലാക്കുകയും അതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കാൻ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

എന്നാൽ, പലർക്കും സ്വർണ്ണാഭരണങ്ങൾ ഒരു ആഡംബര ഉത്പന്നമല്ല എന്നൊരു വസ്തുത നമ്മൾ കണ്ടില്ലെന്ന് വെക്കരുത്. സ്വർണ്ണാഭരണം പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതും, തങ്ങളുടെ പാരമ്പര്യ കുടുംബ സ്വത്തായും, ഓർമ്മകളുടെയും സ്നേഹബന്ധങ്ങളുടെയും പ്രതീകമായും പലരും കണക്കാക്കുന്നു. ഇത്തരത്തിലുള്ള ഒരു കഥയാണ്, നടൻ പ്രിത്വിരാജ് സുകുമാരന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോന് പറയാനുള്ളത്.

കഴിഞ്ഞ ദിവസമാണ്, തങ്ങളുടെ അടുത്ത ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങൾ സുപ്രിയ പങ്കുവെച്ചത്. കടും പച്ച നിറത്തിൽ ഗോൾഡൻ സ്ട്രിപ്പുകളുള്ള സാരിയണിഞ്ഞാണ് സുപ്രിയ വേദിയിൽ പ്രിത്വിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോക്ക്‌ താഴെ അവരുടെ വസ്ത്രത്തെയും ആഭരണത്തെയും മറ്റും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെച്ചത്. അതിൽ ഒരു ആരാധികയുടെ കമന്റ്‌ ഇങ്ങനെ ആയിരുന്നു,

“നിങ്ങൾ ഇപ്പോഴും നിങ്ങളുടെ വിവാഹാഭരണങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു. മനോഹരമായിട്ടുണ്ട്. നിങ്ങളുടെ ആ നെക്‌ളേസ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി.” ആരാധികയുടെ കമന്റിന് മറുപടിയായി, “ഇത്‌ എന്റെ അമ്മ അമ്മയുടെ വിവാഹത്തിന് ധരിച്ച ആഭരണമാണ്. ഞാനും എന്റെ വിവാഹത്തിൽ ഇത്‌ ധരിച്ചു. ഒരിക്കൽ അല്ലിയും ഇത്‌ ധരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഭരണമാണ്, ഞങ്ങളുടെ കുടുംബസ്വത്ത്. നിങ്ങൾ ഇത്‌ ശ്രദ്ധിച്ചതിന് നന്ദി,” സുപ്രിയ പറഞ്ഞു.

Rate this post