
Dosa Idli Batter Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പലഹാരങ്ങൾ ആണല്ലോ ഇഡലിയും ദോശയും. എല്ലാദിവസവും കഴിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും മാവ് അരയ്ക്കുന്നത് ശരിയായ രീതിയിൽ അല്ല എങ്കിൽ പലപ്പോഴും ദോശയും ഇഡ്ഡലിയും കൂടുതൽ കട്ടിയായി പോകുന്നത് ഒരു പരാതിയായി പലരും പറഞ്ഞു കേൾക്കാറുണ്ട്. മാവ് അരയ്ക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ കൊണ്ടുവന്നാൽ തന്നെ ദോശയും, ഇഡലിയും നല്ല സോഫ്റ്റ് ആയും രുചിയോടും കിട്ടുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഇന്ന് മിക്ക വീടുകളിലും ഇഡലി അല്ലെങ്കിൽ ദോശയ്ക്കുള്ള അരി പ്രത്യേകമായി വാങ്ങിയായിരിക്കും മാവ് തയ്യാറാക്കി എടുക്കുന്നത്. എന്നാൽ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാകാറുള്ള പച്ചരി ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ രുചികരമായ ദോശയും ഇഡലിയും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിനായി 2 കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കുക. ഇതേ രീതിയിൽ ഉഴുന്നും ഒരു സ്പൂൺ അളവിൽ ഉലുവയും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഉഴുന്ന് കുതിരാനായി ഇട്ടുവയ്ക്കുമ്പോൾ കുറച്ച് അധികം വെള്ളം ഒഴിച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കാരണം ഇതേ വെള്ളം ഉപയോഗപ്പെടുത്തിയാണ് അരിയും ഉഴുന്നും അരച്ചെടുക്കേണ്ടത്. കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും അരിയും ഉഴുന്നും വെള്ളത്തിൽ കുതിരാനായി ഇട്ട് വക്കണം. ശേഷം ഉഴുന്നിൽ നിന്നും വെള്ളം പൂർണ്ണമായും മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. മാറ്റിവെച്ച വെള്ളത്തിൽ നിന്നും ഉഴുന്ന് അരയുന്നതിന് ആവശ്യമായ വെള്ളം മിക്സിയിലേക്ക് ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി, അരി കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കുക.
ശേഷം അരച്ചുവെച്ച് അരിമാവിലേക്ക് ഒന്നര ഗ്ലാസ് അളവിൽ വെളുത്ത ചോറ് കൂടി ചേർത്ത് അരച്ചെടുക്കണം. അരച്ചെടുത്ത ഉഴുന്നും, അരിമാവും കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. മാവ് കുറഞ്ഞത് ആറുമണിക്കൂർ നേരമെങ്കിലും ഫെർമെന്റ് ചെയ്യാനായി വയ്ക്കുക. ഉണ്ടാക്കുന്നതിന് മുൻപായി മാവിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇഡ്ഡലിത്തട്ടിൽ അല്പം എണ്ണ തൂവിയ ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ കരണ്ടിയളവിൽ മാവൊഴിച്ച് ആവി കയറ്റി എടുത്താൽ നല്ല സോഫ്റ്റ് ആയ ഇഡ്ഡലി റെഡിയായി കഴിഞ്ഞു. ഇതേ മാവിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച് ദോശയുടെ മാവിന്റെ പരുവത്തിൽ ആക്കിയെടുത്താൽ രുചികരമായ ദോശയും ഉണ്ടാക്കിയെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Dosa Idli Batter Recipe Credit : Just Watch