Easy Tasty Kerala Green Peas Masala Recipe : മിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ഗ്രീൻപീസ്.ഹോട്ടലുകളിലും വീടുകളിലും സർവ്വസാധാരണമായി മിക്കപ്പോഴും ഉണ്ടാക്കിവരുന്ന വിഭവം കൂടിയാണ് ഗ്രീൻപീസ് കറി. എന്നാൽ പലപ്പോഴും ആരും പരീക്ഷിക്കാത്ത ഒന്നാണ് ഗ്രീൻപീസ് മസാലക്കറി എന്നത്. വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഗ്രീൻപീസ് മസാലക്കറിയുടെ കൂട്ടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.
അതിനായി ആദ്യം ഒരു കുക്കർ അടുപ്പത്തു വെച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു വലിയ സവാള അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള നന്നായി ഒന്ന് വയറ്റി എടുക്കാം. സവാളയുടെ നിറം ബ്രൗൺ കളറിൽ വരുന്നത് വരെ ഇങ്ങനെ വയറ്റി എടുക്കാവുന്നതാണ്. അതിനുശേഷം ഒരു ചെറിയ കഷണം ഇഞ്ചി, 6 അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ ഇതിലേക്ക് ഇട്ടു കൊടുക്കാം.
ഇത് ഒരു മിനിറ്റ് നേരം വയറ്റി എടുക്കുക. പിന്നീട് ഒരു തക്കാളി അരിഞ്ഞത് ഇതിലേക്ക് ചേർത്തു കൊടുക്കാം. രണ്ട് പച്ചമുളക് അരിഞ്ഞത് കൂടി ഇട്ടുകൊടുത്ത് ഇത് നന്നായി ഒന്ന് വഴറ്റി എടുക്കാവുന്നതാണ്. തക്കാളി വീഡിയോയിൽ കാണുന്ന പരുവത്തിന് നന്നായി ഒന്ന് വഴന്നു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ നിറയെ മല്ലിപ്പൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി
എന്നിവ ചേർത്ത് ഒരു മിനിറ്റ് നന്നായി വയറ്റി എടുക്കുക.
അതിന് ശേഷം ഇതിലേക്ക് ഗ്രീൻപീസ് ആണ് ഇട്ടു കൊടുക്കേണ്ടത്. കുതിർന്ന ഗ്രീൻപീസ് മസാല കൂട്ടിലേക്ക് ഇട്ടു കൊടുത്ത ശേഷം രണ്ടു മിനിറ്റ് ഇത് മസാലയുമായി ചേരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് മൂന്ന് കപ്പ് ചൂടുവെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. കുക്കർ അടച്ച് മീഡിയം തീയിൽ വെച്ച് നാല് വിസിൽ വരുന്നത് വരെ ഇനി ഗ്രീൻപീസ് വേവിച്ചെടുക്കാം. മിനിറ്റുകൾ കൊണ്ട് നിങ്ങൾക്ക് ഇത്തരത്തിൽ രുചിയൂറുന്ന ഗ്രീൻപീസ് മസാല തയ്യാറാക്കി എടുക്കാം. എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. credit : sruthis kitchen