കരഞ്ഞു കണ്ണുനീർ വറ്റും.!! മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർക്കാഴ്ചയാണ് ഈ സിനിമ.|Hachi A Dog’s Tale

Hachi A Dog’s Tale : അയാളുടെ ജീവിതത്തിലേക്ക് വന്നെത്തിയ അതിഥിയായിരുന്നു അവൻ. ക്ഷണിക്കപ്പെടാതെ വന്ന അതിഥി.തന്റെ യജമാനനെ അവൻ തന്നെ കണ്ടെത്തുകയായിരുന്നു. അങ്ങനെ അവൻ ആ കുടുംബത്തിലെ അംഗമായി. ഒടുക്കം ഈ ലോകത്തെ ഏറ്റവും സ്നേഹം കൂടിയ വ്യക്തിയാവുകയായിരുന്നു ഹാച്ചി. സ്നേഹത്തിന്റെയും ആത്മാർത്ഥയുടെയും മറ്റൊരു പര്യായം; ഹാച്ചി.അതേ.. ഹാച്ചിയുടെ കഥയാണ് ഈ സിനിമ..

Hachi : A Dog’s Tale (2009, Drama, English):മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന സിനിമകൾ അപൂർവമായേ പിറക്കാറൊള്ളൂ. അത്തരം സിനിമകൾക്ക് നമ്മെ ഉള്ളുതുറന്നു ചിരിപ്പിക്കാൻ സാധിച്ചേക്കും, പൊട്ടിക്കരയിപ്പിക്കാൻ സാധിച്ചേക്കും, പ്രശ്നങ്ങളെയെല്ലാം കുറച്ചു നേരത്തേക്ക് മറക്കാൻ സാധിപ്പിച്ചേക്കും,മതിമറന്ന് ഉല്ലസിപ്പിക്കാൻ സാധിച്ചേക്കും. ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന അത്തരം സിനിമകളിലൊന്നാണ് ഇതെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. ഒരിറ്റ് കണ്ണീർ പൊഴിക്കാതെ ഇത് കണ്ടുതീർക്കുക എന്നത് അസാധ്യമായ ഒന്നാണ് എന്ന കാര്യം ഉറപ്പാണ്.

മനുഷ്യനും മൃഗവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥയാണ് ഹാച്ചി പറയുന്നത്. അതുല്യമായ, അളക്കാനാവാത്ത സ്നേഹത്തിനുടമയായിരുന്നു ഹാച്ചി. സിനിമയിലുടനീളം ഹാച്ചിയുടെ ദയനീയമായ ഒരു നോട്ടമുണ്ട്. ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന ഒരു നോട്ടം.യഥാർത്ഥത്തിൽ നടന്ന സംഭവമാണ് എന്നറിയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന ഒന്നാണ് ഹാച്ചിയുടെ കഥ. പക്ഷെ വിശ്വസിച്ചേ പറ്റൂ. കാരണം ഹാച്ചി ഒരു നായയായിരുന്നു എന്നത് കൊണ്ട്തന്നെ. ഒൻപത് വർഷക്കാലം ഒരിടത്ത് തന്റെ പ്രിയപ്പെട്ടവന് വേണ്ടി പ്രതീക്ഷയോടെ കണ്ണുംനട്ടിരിക്കൽ

മനുഷ്യനെ സംബന്ധിച്ചെടുത്തോളം അസാധ്യമായ ഒന്നല്ലേ..?കാണാത്തവരുണ്ടാവില്ല എന്നറിയാം.. പക്ഷെ രണ്ടാമത് കണ്ടവരുണ്ടോ എന്നാണ് അറിയേണ്ടത്. ഇനി ഒരു തവണ കൂടി കാണാൻ ശക്തിയില്ലാത്ത സിനിമയാണ് ഹാച്ചി. എന്തെന്നാൽ സങ്കടവും നിസ്സഹായതയും ദയനീയതയും പ്രതീക്ഷയും ഒരുപോലെ പ്രതിഫലിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കാൻ ശക്തി ഇല്ലാത്തത് കൊണ്ട് തന്നെ. എന്തൊക്കെയായാലും ജീവിതത്തിൽ ഒരുതവണ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ഹാച്ചി.