ജാക്കി ചാൻ്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്.. “ദി കരാട്ടെ കിഡ് ”.!! Karate Kid Review

Karate Kid Review: ജോലി സംബന്ധമായി, തൻ്റെ അമ്മയ്ക്ക് ചൈനയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടർന്ന് ബീജിങിലേക്ക് എത്തിയിരിക്കുകയാണ് 12 വയസ്സുള്ള ഡ്രേ പാർക്കർ (Jaden Smith). അവിടത്തെ രീതികളും, ഭാഷയുമൊക്കെ അവനെ മടുപ്പിക്കുന്നുണ്ട്. പാർക്കിൽ വെച്ച് കണ്ടുമുട്ടുന്ന മെയിങ് എന്ന പെൺകുട്ടിയാണ് അവൻ്റെ ഏക ആശ്വാസം. ചെങ് എന്ന 14 വയസുകാരൻ കുങ്ഫു വിദ്യാർത്ഥിയുടെയും അവൻ്റെ സുഹൃത്തുക്കളുടെയും ഉപദ്രവങ്ങളും, കളിയാക്കലുകളും കൂടിയായപ്പോൾ, ചൈനയിൽ നിന്നും എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി ഡ്രേക്കിന്.

അവസാനം, ഉപദ്രവങ്ങൾ സഹിക്കാതെ വന്നപ്പോൾ, ചെങ് ൻ്റെയും കൂട്ടുകാരുടെയും ദേഹത്തിലേക്ക് ചെളിവെള്ളം ഒഴിച്ച ശേഷം ഡ്രേ ഓടി രക്ഷപ്പെടുന്നു. എന്നാൽ, അവനെയവർ ഓടിച്ചിട്ട് പിടിക്കുകയും, കാര്യമായി തന്നെ മർദ്ദിക്കുകയും ചെയ്യുന്നു. ഡ്രേ അവശനായിട്ടും, അടി നിർത്താൻ ചെങ് തയ്യാറാകുന്നില്ല. വീണ്ടും ഡ്രേയെ അടിക്കാൻ ഓങ്ങുന്ന ചെങ് ൻ്റെ കൈയ്യെ, ഒരാൾ തടുക്കുകയാണ്. പിന്നീട് അയാളും, ചെങ്ങും അവൻ്റെ കൂട്ടുകാരുമായി ഒരു പൊരിഞ്ഞ അടി നടക്കുന്നു. ആറുപേരുള്ള ആ സംഘത്തെ ഒറ്റയ്ക്ക് തല്ലി തോൽപ്പിക്കുന്ന അയാൾ, ഡ്രേ താമസിക്കുന്ന ഫ്ലാറ്റിലെ പണിക്കാരനായ ഹാൻ (Jackie Chan) ആയിരുന്നു.

പ്രാചീന ചൈനീസ് ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് ഡ്രേയെ, ഹാൻ സുഖപെടുത്തുന്നു. കുങ്ഫു വിദ്യാർത്ഥികളായ ചെങ് നെയും കൂട്ടുകാരെയും, അവരുടെ അധ്യാപകനായ മാസ്റ്റർ ലീയാണ് വഴിതെറ്റിക്കുന്നതെന്ന്, ഡ്രേയോട് ഹാൻ പറയുന്നു. ഇരുവർക്കുമിടയിൽ രമ്യത ഉണ്ടാക്കാൻ നോക്കുന്ന ഹാനിൻ്റെ ശ്രമങ്ങൾ വിഫലമാകുകയും, ഒരു കുങ്ഫു ടൂർണമെൻ്റിൽ ഡ്രേ പങ്കെടുക്കാൻ നിർബന്ധിതനാകുകയും ചെയ്യുന്നു. ടൂർണമെൻ്റിനായുള്ള ഡ്രേയുടെ തയ്യാറെടുപ്പുകളും, അവനെ ഹാൻ പരിശീലിപ്പിക്കുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ആയോധന കലകൾ അഭ്യസിക്കാൻ വേണ്ടത്, പക്വതയും പ്രസന്നതയുമാണെന്നും, പ്രഹരവും പ്രതാപവുമല്ലെന്നും ഹാൻ അവനെ പഠിപ്പിക്കുന്നു. ഒരു ജാക്കറ്റിൻ്റെ സഹായത്തോടെയാണ് ഹാൻ ഇതെല്ലാം പഠിപ്പിക്കുന്നത്. 1984 ൽ ഇതേപേരിൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ റീമേക്ക് ആണെങ്കിലും, അതിൽ നിന്നും പല കാര്യങ്ങളും ഇതിൽ വ്യത്യസ്തമാണ്. ചിത്രത്തിൻ്റെ പേരിൽ കരാട്ടെ ഉണ്ടെങ്കിലും, കഥ നടക്കുന്നത് ചൈനയിൽ ആയതിനാൽ കുങ്ഫുവാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ അവതാറിന് ശേഷം, ജയിംസ് ഹോർണർ സംഗീത സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണിത്.

സിനിമയിലെ പല രംഗങ്ങളെയും elevate ചെയ്യാൻ അദ്ദേഹത്തിൻ്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. മുൻനിര അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, ലളിതമായ ഒരു കഥയെ പ്രേക്ഷകന് കൂടുതൽ കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ ചിത്രീകരിച്ച സംവിധാന മികവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു. 40 മില്ല്യൻ ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം, നിരൂപക പ്രശംസയോടൊപ്പം ബോക്സ് ഓഫീസിൽ 359 മില്ല്യൻ ഡോളർ നേടി, ജാക്കി ചാൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് കൂടിയായി മാറി. കഠിന പ്രയത്നവും, ആത്മവിശ്വാസവും, അശ്രാന്ത പരിശ്രമവുമുണ്ടെങ്കിൽ, നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് കൂടിയാണ് ഈ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്.