വൃദ്ധനായി ജനിച്ച് കുഞ്ഞാവുന്ന ബെഞ്ചമിൻ.!! ഇതാ ഒരു വ്യത്യസ്തമായ സിനിമ| The Curios Case of Benjamin Button

The Curios Case of Benjamin Button: മരണകിടക്കയിൽ വെച്ച് ഡെയ്സി തന്റെ മോളായ കരോലിനെ അടുത്ത് വിളിച്ചു. തന്റെ ബാഗിൽ നിന്ന് ഡയറി എടുത്ത് വായിച്ചു തരാൻ അവർ ആവശ്യപ്പെട്ടു. ബെഞ്ചമിന്റെ കഥയായിരുന്നു അതിൽ. അത്ഭുതം വിടർന്ന കണ്ണുകളോടെ കരോലിൻ ആ ഡയറി വായിച്ചു തുടങ്ങി.സിനിമ : The Curios Case of Benjamin Button (2008, Romance, Drama) ഒന്നാംലോകമഹായുദ്ധം അവസാനിച്ച ആ രാത്രിയിൽ തോമസിന് ഒരു കുഞ്ഞുപിറന്നു. പക്ഷെ അതൊരിക്കലും തോമസിന് ശുഭവാർത്തയായിരുന്നില്ല. അമ്മയുടെ

ജീവനെടുത്തുകൊണ്ടാണ് അവൻ ഭൂമിയിലേക്ക് പിറന്നുവീണത്. അതും വാർദ്ധക്യം ബാധിച്ച മുഖവുമായി. തന്റെ പ്രിയതമ തന്നെ വിട്ടുപിരിഞ്ഞ ദേഷ്യത്തിൽ അവനെ കോരിയെടുത്ത് കൊണ്ട് അയാൾ ആ തെരുവിലൂടെ ഓടി. പുഴക്കരയിൽ എത്തിയ അയാളവനെ വലിച്ചെറിയാൻ തുനിഞ്ഞു. എന്നാൽ പോലീസ് ഇതിന് സാക്ഷിയായതോടെ ആ ശ്രമമുപേക്ഷിച്ചു. ഒടുവിൽ ഒരു സദനത്തിൽ അവനെ ഉപേക്ഷിച്ചു. അങ്ങനെ ബെഞ്ചമിൻ അവിടെ വളർന്നു. വാർദ്ധക്യം ബാധിച്ച ശരീരവുമായി അവൻ കുട്ടിക്കാലം ചിലവഴിച്ചു തുടങ്ങി.

പിന്നീട് അവന്റെ ജീവിതത്തിൽ സംഭവിച്ച കൗതുകകഥകളാണ് സിനിമ. അതിൽ സാഹസികതയുണ്ട്, പ്രണയമുണ്ട്, ദുഃഖങ്ങളും നൊമ്പരങ്ങളുമുണ്ട്, സന്തോഷങ്ങളുണ്ട്, എല്ലാമുണ്ട്. വളരെ ചുരുക്കം പ്രിയപ്പെട്ടവർ അവന്റെ ജീവിതത്തിൽ വന്നും പോയി കൊണ്ടിരുന്നു. തളരാൻ ഒരുക്കമല്ലാത്ത ബെഞ്ചമിൻ ജീവിച്ചുതുടങ്ങുകയായിരുന്നു.വ്യത്യസ്തമായ കഥയാണ് സിനിമയുടേത്. മനോഹരവും ഹൃദയസ്പർശിയുമായ കഥ. ഫോറസ്റ്റ് ഗമ്പിനെ പോലെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രമാണ് ബെഞ്ചമിൻ.

അത്ഭുതങ്ങൾ നിറഞ്ഞ അവന്റെ കഥ ഡേവിഡ് ഫിഞ്ചറിന്റെ സംവിധാനത്തിലാണ് തിരശ്ശീലയിലെത്തിയത്.നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ഇത്. ഒരു പ്രത്യേക അനുഭൂതി പ്രേക്ഷകനിലുളവാക്കാൻ സിനിമക്ക് കഴിയുന്നുണ്ട്.
“ആ ഘടികാരമിപ്പോഴും ചലിക്കുന്നത് പിറകോട്ട് തന്നെയാണ് “