മരണമാണോ ഏറ്റവും വലിയ ശിക്ഷ? അർജന്റീനയിൽ നിന്നും ഒരു തകർപ്പൻ ക്രൈം ത്രില്ലർ.!!|The Secret in Their Eyes

The Secret in Their Eyes: മരണമാണോ ഏറ്റവും വലിയ ശിക്ഷ? അതോ അതൊരു തരം രക്ഷപ്പെടുത്തൽ അല്ലെ? സിനിമ ആത്യന്തികമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമിതാണ്… !The Secret in Their Eyes( 2009- Spanish – Argentina ) വിരമിച്ച ജുഡീഷ്യറി ഉദ്യോഗസ്ഥനായ ബെഞ്ചമിൻ എസ്പാസിറ്റോ ഒരു നോവലിന്റെ പണിപ്പുരയിലാണ്. നോവലിന് ആസ്പദമാകുന്നത് തന്റെ കരിയറിലെ ഏറ്റവും കുഴപ്പിച്ച കേസുകളിലൊന്നാണ്. അങ്ങനെ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ കേസിനെ ആസ്പദമാക്കി നോവൽ തുടങ്ങുന്നു. റിക്കാർഡോ

മൊറാലസ് എന്ന വ്യക്തിയുടെ ഭാര്യയായ ലിലിയാന അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. കേസിലെ പ്രതിയെ അന്വേഷിച്ചു പോവുന്നതും പ്രതിയെ കണ്ടെത്തുന്നതുമാണ് കഥ. നോവലിന്റെ പൂർണ്ണതക്കും സഹായത്തിനും വേണ്ടി തന്റെ മേലുദ്യോഗസ്ഥയായ ഐറീനയുടെ അടുത്തേക്ക് ബെഞ്ചമിൻ എത്തുകയും നോവൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയും ചെയ്യുന്നു.
ഒരു ക്രൈം ത്രില്ലർ എന്നതിനേക്കാളുപരി ഒരു ഡ്രാമ എന്ന് വിശേഷിപ്പിക്കുന്നതാവും നല്ലത്. ഒരേ സമയം

അന്വേഷണത്തെയും പ്രണയത്തെയും ഒരുമിപ്പിച്ചു കൊണ്ടു പോവുക എന്നുള്ളത് ശ്രമകരമായ ദൗത്യമാണ്. ഇതിൽ നൂറ് ശതമാനം വിജയിക്കാൻ സംവിധായകന് കഴിഞ്ഞു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ബെഞ്ചമിനും ഐറീനയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം അവർ തമ്മിലുള്ള ഓരോ നോട്ടത്തിൽ നിന്നും വ്യക്തമാണ്. അമിതമായ നാടകീയതകൾ ഒന്നും തന്നെയില്ലാതെ എന്ത് മനോഹരമായാണ് പ്രണയത്തെ ചിത്രീകരിച്ചിരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

പതിഞ്ഞ താളത്തിൽ തുടങ്ങി അതേ താളത്തിൽ തന്നെ മുന്നോട്ട് പോവുകയും അത്പോലെ തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ഇത്. പൊതുവെ സ്ലോ പേസ്ഡ് ക്രൈം സിനിമകൾ ചിലർകൊക്കെ മടുപ്പ് വരുത്തിവെക്കുമെങ്കിലും ഈയൊരു സിനിമയിൽ ഈ പ്രശ്നം ഉദിക്കുന്നില്ല എന്നത് പോസിറ്റീവ് ആയ കാര്യമാണ്.പ്രണയവും അന്വേഷണവും ഒരുപോലെ മുന്നോട്ട് പോവുന്നത് നവ്യാനുഭവമായിരുന്നു. ഐറീനയായി വേഷമിട്ട സോലെഡാഡ് വിയ്യാമിലിന്റെ സൗന്ദര്യം മറ്റൊരു ആകർഷണഘടകമാണ്.നല്ലൊരു സിനിമയാണ്. നിരാശപ്പെടുത്തില്ല..