പാരസൈറ്റ് എന്ത് കൊണ്ടാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയിലൊന്നാകുന്നത്.?|parasite movie

parasite-movie-review-malayalam : ഒരുപാട് ഉത്തരങ്ങളുണ്ട്. ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ഇനി ഭാവികാലത്തിന്റെയും ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ സാമ്പത്തിക അസമത്വത്തെ ലളിതമായി ചിത്രീകരിച്ചു എന്ന് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും വേറിട്ടു നിർത്തുന്നതും. സിനിമയുടെ പേര് മുതൽ ക്ലൈമാക്സ്‌ വരെ ഒരു സാമൂഹികപ്രശ്നത്തിന്റെ ഗുരുതരാവസ്ഥകളെ ചൂണ്ടിക്കാണിക്കാൻ വേണ്ടി സംവിധായകൻ ഉപയോഗിച്ചു എന്നത് തന്നെയാണ് പാരസൈറ്റിനെ മറ്റുള്ള ചിത്രങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതും.പാരസൈറ്റ് എന്ന വാക്കിനർത്ഥങ്ങളിൽ ഒന്ന് ഇത്തിൾക്കണ്ണി എന്നാണ്. പേര് തന്നെ സിനിമയുടെ സന്ദേശത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. വലിയ വൃക്ഷങ്ങളെ ആശ്രയിച്ചു

വളരുന്നവയാണ്ഇത്തിൾകണ്ണികൾ. അതായത് ആ വൃക്ഷത്തിന്റെ ഊർജ്ജത്തിന്റെയും ഭക്ഷണത്തിന്റെയും ഒരു പങ്ക് പറ്റി ജീവൻ നിലനിർത്തുന്നവർ. സ്വയം നിലനില്പില്ലാതെ, മറ്റൊന്നിനെ മാത്രം ആശ്രയിച്ചു വളരുന്ന ഒരു ഇത്തിൾകണ്ണി കുടുംബത്തെയാണ് സിനിമയിൽ വരച്ചുകാണിക്കുന്നത്. സമ്പന്നകുടുംബമായ പാർക്ക്‌ ഫാമിലി എന്ന പടുവൃക്ഷത്തെ മാത്രം ആശ്രയിച്ചു വളരാൻ ശ്രമിക്കുന്ന കി-വൂവിന്റെ കുടുംബവും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളെല്ലാം തന്നെ വളരെ മനോഹരമായി പ്രേക്ഷകന് മുന്നിലെത്തിക്കാൻ സിനിമക്ക് കഴിയുന്നുണ്ട്.സിനിമയുടെ തുടക്കം തന്നെ കി-വൂവിന്റെ കുടുംബം എത്രത്തോളം ദാരിദ്രാവസ്ഥയിലാണ് കഴിയുന്നത് എന്ന് പ്രേക്ഷകനിലെത്തിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്.

അയല്പക്കത്തെ വീട്ടിൽ നിന്നും വൈഫൈ എടുക്കാനുള്ള ശ്രമവും പിസ്സ കമ്പനിയോട് പണത്തിനു വേണ്ടി തർക്കിക്കുന്നതുമൊക്കെ ഈ കാര്യം ഊട്ടിയുറപ്പിക്കാനുള്ള സിനിമയുടെ ശ്രമമാണ്. വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിക്ക് ശ്രമിക്കുന്നതുമൊക്കെ ആ കുടുംബത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ്. എന്നാൽ പാർക്ക്‌ ഫാമിലിയിൽ കി-വൂ കയറിപറ്റുന്നതോടെയാണ് സാമ്പത്തിക അസമത്വത്തിന്റെ നേർചിത്രം പ്രേക്ഷകനിലേക്കെത്തുന്നത്. ദരിദ്രചുറ്റുപാടുകളിൽ മാത്രം വളർന്ന കി-വൂ സമ്പന്നതയുടെ ശീതളിമക്ക് സാക്ഷ്യം വഹിക്കുന്നതോടെ അവനിൽ ഐഹികഭോഗാസക്തി വളരുന്നു. തൽഫലമായി കുതന്ത്രങ്ങളിലൂടെ തന്റെ കുടുംബത്തെ മുഴുവനും അവിടെ ജോലിക്ക് കയറ്റുന്നു.സിനിമയുടെ പ്രത്യേകത

എന്തെന്നാൽ മൂന്ന് കുടുംബത്തിന്റെയും കണ്ണിലൂടെ സിനിമയെ വിലയിരുത്താം എന്നതാണ്. തങ്ങളുടെ ദരിദ്രാവസ്ഥക്ക് അറുതി വരുത്താൻ ലഭിച്ച സുവർണ്ണാവസരത്തെ ഉപയോഗപ്പെടുത്തിയ കി-വൂവിന്റെ കുടുംബത്തിന്റെ കണ്ണിലൂടെ സിനിമയെ നമുക്ക് നോക്കികാണാം. കി-വൂവിന്റെ അച്ഛൻ തനിക്ക് വിലപ്പെട്ടത് സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് ക്ലൈമാക്സിൽ കാണാനാവുക, കൂടാതെ തങ്ങളുടെ കാര്യങ്ങളിൽ മാത്രം മുഴുകുന്ന, മറ്റൊന്നിലും ശ്രദ്ധയോ ആകുലതയോ വെച്ച് പുലർത്താത്ത സമ്പന്നജനതയോടുള്ള അമർഷവുമാണ് ക്ലൈമാക്സിൽ ആ അച്ഛനെ കൊണ്ട് കത്തിയെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇനി സമ്പന്നരായ പാർക്ക് ഫാമിലിയുടെ കണ്ണിലൂടെ സിനിമയെ വിലയിരുത്തി നോക്കൂ.

കുടുംബനാഥനായ മിസ്റ്റർ പാർക്ക് അറിയാതെ പോലും ഈ അസമത്വത്തിന്റെ ഭാഗമാവുകയാണ്. സുഖലോലുപതയിൽ കഴിഞ്ഞിരുന്ന ആ കുടുംബം തങ്ങളറിയാതെ തന്നെ കുറ്റക്കാരായി മാറുകയാണ്. ക്ലൈമാക്സിൽ തനിക്കേറ്റവും പ്രിയപ്പെട്ട മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരച്ഛനാവുകയാണ് മിസ്റ്റർ പാർക്ക്. മറുപുറത്ത് മറ്റൊരാളുടെ മോളാണ് ചോരയൊലിപ്പിച്ച് മരണത്തോട് മല്ലിട്ട് കിടക്കുന്നത് എന്നയാൾ ഗൗനിക്കുന്നില്ല. ആ അർത്ഥത്തിൽ അയാളൊരു സ്വാർത്ഥനാണ് എന്ന വിലയിരുത്തലാണ് കി-വൂവിന്റെ അച്ഛൻ നടത്തുന്നത്. ഫലമോ അയാളുടെ കടാര പാർക്കിന്റെ നെഞ്ചത്ത് ആഴന്നിറങ്ങുന്നു. പരോക്ഷമായിട്ടാണെങ്കിലും സാമ്പത്തികഉച്ചനീചത്വത്തിന്റെ ഭാഗമാവുന്ന സമ്പന്നകുടുംബത്തിന്റെ നേരെയുള്ള പ്രതിഷേധമാണ് കി-വൂവിന്റെ അച്ഛനെ അത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചത്.

ഇനി മുൻവേലക്കാരിയുടെ കുടുംബത്തിന്റെ കണ്ണിലൂടെയും ചിത്രത്തെ വിലയിരുത്താം. ഇത് വരെ ജോലിയിൽ പിഴവും വരുത്താത്ത അവർക്ക് തെറ്റിദ്ധാരണയുടെ പുറത്ത് തന്റെ ജോലി നഷ്ടമാവുന്നു. തന്റെ ഭർത്താവിനെ സംരക്ഷിക്കാൻ പാട്പെടുന്നതിനിടയിൽ തന്റെ ജീവൻ അവർക്ക് ബലിയർപ്പിക്കേണ്ടി വരുന്നു. അവിടെയും ആ കുടുംബത്തെ പിടിച്ചുലക്കുന്നത് സാമ്പത്തികം തന്നെയാണ്. കടക്കെണിയിലായ തന്റെയും ഭർത്താവിന്റെയും ഉയർത്തെഴുന്നേൽപ്പിനായിരുന്നു അവർ ശ്രമിച്ചിരുന്നത്. എന്നാലവർക്ക് സ്വജീവൻ നഷ്ടമാവുന്നു. തനിക്ക് പ്രിയപ്പെട്ട ഭാര്യയെ സംരക്ഷിക്കാനാവാത്ത ആ ഭർത്താവ് നിയന്ത്രണം വിട്ട് അവിടം ശിഥിലമാക്കുന്നു. ചുരുക്കത്തിൽ മൂന്ന് കുടുംബങ്ങളും തങ്ങൾക്ക് പ്രിയപ്പെട്ടത് സംരക്ഷിക്കാനാണ് ശ്രമിച്ചത്. ആരുടെ ഭാഗത്താണ് ന്യായമെന്നോ അന്യായമെന്നോ തീരുമാനിക്കുള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടുനൽകിയിരിക്കുകയാണ് സംവിധായകൻ.കേവലമൊരു മഴ പോലും താഴ്ന്നവനെയും ഉയർന്നവനേയും എങ്ങനെ

ബാധിക്കുന്നു എന്ന് സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. മഴ മൂലം വീട്ടിൽ വെള്ളം കയറി താമസം മാറേണ്ടി വരുന്ന കി-വൂവിന്റെ കുടുംബത്തെയാണ് കാണാനാവുക. അതായത് ആ മഴ അവർക്ക് മേൽ ശാപമായി പെയ്തിറങ്ങുന്നു. എന്നാൽ പാർക്ക്‌ ഫാമിലിക്ക് അതങ്ങനെയല്ല.. രാത്രിയിൽ പെയ്ത മഴ തങ്ങൾക്ക് അനുഗ്രഹമായെന്നും പകൽ നല്ല തെളിച്ചമുണ്ടാവാൻ കാരണം ആ മഴയാണെന്നും ബർത്ത്ഡേ പരിപാടി തടസം കൂടാതെ നടത്താമെന്നും പാർക്കിന്റെ ഭാര്യ പറയുന്നിടത്തുണ്ട് ഓരോ ചെറിയ സംഭവങ്ങൾ പോലും രണ്ട് വിഭാഗത്തെയും എങ്ങനെയാണ് ബാധിക്കുന്നത് എന്നുള്ളതിന്റെ നേർചിത്രം.

സാമ്പത്തികസുസ്ഥിരതയും സാമ്പത്തികഅസ്ഥിരതയും ഒരു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് കാഴ്ച്ചക്കാരിലേക്കെത്തിക്കാനാണ് സിനിമ ശ്രമിക്കുന്നത്. സമ്പത്ത് ഒരാളെ എത്രത്തോളം സ്വാർത്ഥനാക്കുന്നു എന്നും സമ്പത്തിന്റെ അഭാവം മനുഷ്യരെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമായേക്കാം എന്നുമാണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. അതിൽ സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.ഇതുകൊണ്ടൊക്കെ തന്നെയാണ് പാരസൈറ്റ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയാവുന്നതും !