Perfect Soft Unniyappam Recipe : നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഉണ്ണിയപ്പം. എന്നാൽ പല സ്ഥലങ്ങളിലും പലരീതിയിൽ ആയിരിക്കും ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. എത്ര ദിവസം വെച്ചാലും കേടാകാത്ത രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കുന്ന രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഗ്ലാസ്
അളവിൽ പച്ചരിയെടുത്ത് അത് നന്നായി കഴുകി കുതിർത്തി എടുക്കുക. ശേഷം വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത ശേഷം അരിച്ചെടുക്കണം. പിന്നീട് അപ്പത്തിലേക്ക് ആവശ്യമായ മറ്റ് ചേരുവകൾ കൂടി തയ്യാറാക്കാം. അതിനായി പൊടിച്ചുവെച്ച അരിപ്പൊടിയിലേക്ക് ഒരു കപ്പ് അളവിൽ റവയും, മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ശർക്കരപ്പാനി കൂടി തയ്യാറാക്കാം. കാൽ കിലോ ശർക്കരയാണ് എടുക്കുന്നതെങ്കിൽ
അതിലേക്ക് 2 ഗ്ലാസ് അളവിൽ വെള്ളമൊഴിച്ചാണ് ശർക്കരപ്പാനി തയ്യാറാക്കേണ്ടത്.ശേഷം തേങ്ങ നന്നായി ചിരകി ഒരു പാനിൽ ഇട്ട് ഇളം ബ്രൗൺ ആകുന്നത് വരെ വറുത്തെടുക്കുക. അതേ പാനിലേക്ക് തന്നെ കുറച്ച് നെയ്യൊഴിച്ച ശേഷം തേങ്ങാക്കൊത്ത് കൂടിയിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാം. ഈയൊരു കൂട്ടിലേക്ക് കുറച്ച് ഏലക്കയും പഞ്ചസാരയും പൊടിച്ചത് കൂടി ചേർത്ത് മിക്സ് ചെയ്യുക. നേരത്തെ തയ്യാറാക്കി വെച്ച പൊടികളുടെ കൂട്ടിലേക്ക് തേങ്ങയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരിച്ചെടുത്ത ശർക്കരപ്പാനി കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഇത്രയും ചെയ്തുകഴിഞ്ഞാൽ മാവ് റെഡിയായി
കഴിഞ്ഞു. ശേഷം ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ ഓരോ കരണ്ടി അളവിൽ മാവെടുത്ത് ഉണ്ണിയപ്പ ചട്ടിയിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. അപ്പത്തിന്റെ രണ്ടുവശവും നന്നായി മൊരിഞ്ഞു വന്നു കഴിഞ്ഞാൽ അപ്പം എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാവുന്ന ഉണ്ണിയപ്പം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Soft Unniyappam Recipe credit : Masalakkoottu : Sydney